ശബരിമലയിലെ അയ്യപ്പൻ സാക്ഷാൽ കുട്ടിച്ചാത്തൻ ആണെന്ന് പറയുമ്പോൾ തന്നെ നെറ്റിചുളിച്ചു “ഏഹ് എന്ത്?” എന്ന് ചോദിക്കുന്നവരായിരിക്കും നമ്മളിൽ പലരും . ഈ പുസ്തകം കിട്ടിയപ്പോള്‍ ഞാനും അതു തന്നെയാണല്ലോ ചെയ്തത്. ആർ. രാമാനദ് എഴുതിയിരിക്കുന്ന ഈ കൃതി വളരെയധികം ചർച്ചകൾക്കും വിശകലനത്തിനും വഴിയൊരുക്കേണ്ട ഒന്ന് തന്നെ ആണ്. വ്യക്തിപരമായി എനിക്കു യാതൊരു ചായിവും ഉള്ള വിഷയം അല്ല ഇത്. പക്ഷെ ചരിത്രപരമായി, നിഷ്പക്ഷമായ ഒരു നിലപാടിതിൽ എടുക്കെന്ടതുണ്ട് എന്ന് എനിക്ക് തോന്നുന്നു. കാരണം മറ്റോന്നുമല്ല, കഴിഞ്ഞ കുറച്ചു നാളായി നമ്മൾ മലയാളികൾക്കു തലയ്ക്കു തീ പിടിച്ചു നടക്കുകയാണല്ലോ – സ്ത്രീപ്രവേശനമെന്നും അശുദ്ധി എന്നും ആർത്തവം എന്നും പറഞ്ഞ് . തല്ലിയും തല്ലു കൊണ്ടും നടക്കുന്ന എല്ലാവരും ഇത് വായിച്ചാൽ നന്നായിരിക്കും എന്നതാണ് എന്റെ അഭിപ്രായം . ഒരു പക്ഷെ ഇപ്പറഞ്ഞ മലയാളി സമൂഹത്തിനെ നന്നായി അറിയാവുന്നതു കൊണ്ടാകും ഈ പുസ്തകത്തിന്റെ രചയിതാവ് ആമുഖത്തിൽ ഇങ്ങന്നെ എഴുതിയിരിക്കുന്നതു് –
“ഈ പുസ്തകം ഒരു പൊളിച്ചെഴുത്തോ വിഗ്രഹധ്വംസനമോ അല്ല. ഈ മണ്ണിൽ മൊട്ടിട്ടു വളർന്ന ഒരു സംസ്‌കൃതിയുടെ വേരുകൾ തേടാനുള്ള ഒരു എളിയ പരിശ്രമം മാത്രമാണ്. ഇതിൻെറ സത്യം പൂർണ്ണമായി അറിയാൻ ഇനിയുമെത്രെയോ അന്വേഷിക്കേണ്ടിയിരിക്കുന്ന്നു എന്ന പൂർണ്ണമായ ബോധ്യം ഉള്ളിൽ വെച്ച് കൊണ്ട് പറയട്ടെ , എഴുതിയ കാര്യങ്ങൾ എന്റെ ഉറച്ചു ബോധ്യമാണ്. യാതൊരു മുൻവിധിയോടും ഇതിനെ സമീപിക്കരുത് എന്നുമാത്രെമേ ഒരു അഭ്യർത്ഥനയുള്ളു. സ്വന്തം യുക്തിക്കു നിരക്കുന്നതാണെങ്കിൽ മാത്രം സ്വീകരിക്കുക, ഇല്ലെങ്കിൽ കരുണയില്ലാതെ തള്ളിക്കളയുക.”
നൂറു പുറങ്ങളിൽ കവിയാത്ത എഴുതിയിരിക്കുന്ന ഈ പുസ്തകം വളരെ നന്നായി തന്നെ ക്രമീകരിച്ചിരിക്കുന്നു. നമ്മുടെ ഐതിഹ്യങ്ങളിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന കുട്ടിച്ചാത്തൻ എങ്ങനെ അയ്യപ്പശാസ്താവ് ആയി എന്നതു രചയിതാവ് ചിട്ടയായി അവതരിപ്പിച്ചിട്ടുണ്ട്.
കോട്രവൈ അഥവാ കൊറ്റവൈ എന്ന യുദ്ധ ദേവതയെപ്പറ്റിയുള്ള പരാമർശങ്ങൾ സംഖകാല കൃതികളിൽ ഉണ്ട്. ഈ കോട്രവൈ തന്നെയാണ് നമ്മുടെ നാട്ടിൽ കരിനീലി എന്ന പേരിൽ ആരാധിക്കപ്പെട്ടിരുന്നത്. പിന്നീട് കരിനീലി എങ്ങനെ മാളികപ്പുറത്തമ്മയായി എന്നും ഇവിടെ തെളിവുകള്‍ സഹിതം വിശദീകരിച്ചിട്ടുണ്ട്.
അടുത്തതായി കുട്ടിച്ചാത്തൻ എന്ന കഥാപാത്രത്തെ കേരളത്തിൽ എങ്ങനെയൊക്കെ ആരാധിക്കപ്പെടുന്നു, കുട്ടിച്ചാത്തന്റെ ഐതിഹ്യം ദേശങ്ങൾ തോറും എങ്ങനെ മാറിയിരിക്കുന്നു, അവയ്ക്കു ശബരിമലയുമായി എങ്ങനെ ഒക്കെ സാമ്യം ഉണ്ട് ഇങ്ങനെ ഉള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നു.
എ. ഡി. ഒന്നാം നൂറ്റാണ്ടിൽ ബുദ്ധമതം വടക്കുനിന്ന് വ്യാപിച്ചു വന്നതിന്റെ ഫലമായി നമ്മുടെ നാട്ടിലും പ്രാദേശികമായി നിലനിന്ന ആചാരങ്ങളിൽ വളരെ ചെറുതെങ്കിലും പ്രകടമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. ബുദ്ധമതം രണ്ടു രീതിയിലാണ് വ്യാപിച്ചത്. ഗൗതമ ബുദ്ധൻ വെറും ഒരു മനുഷ്യൻ മാത്രം ആണെന്നും ദൈവീകമായ ഒന്നും ഇല്ലെന്നും ഒരുപക്ഷവും മറുപക്ഷത്തു ബുദ്ധന്റെ അമാനുഷികതയും, മനുഷ്യരുടെ പുനർജന്മവും സ്വർഗീയതയും. ഈ രണ്ടാമത് പറഞ്ഞ കൂട്ടരാണ് കേരളത്തിൽ എത്തിയതും അന്ന് നിലനിന്ന മത വ്യവസ്ഥിതികളിൽ അവരുടേതായ സ്വാധീനം ചെലുത്ത്തിനുള്ള തെളിവുകൾ ഇവിടെ നിരത്തികാട്ടുന്നു.
ശബരിമലയും അതിനെ ചുറ്റിപ്പറ്റിയുള്ള കഥകളും, അവിടുത്തെ ആദിവാസി സമൂഹവും ഗോത്ര വിഭാഗവും അവരുടെ ആരാധന ശൈലികളും ദ്രാവിദമാണെന്നും ഈ പുസ്തകം അടിവരയിടുന്നു. നാം എല്ലാം കേട്ടു പരിചിതമായ കഥകൾക്കും ആചാരങ്ങൾക്കും പിന്നിലെ സാധ്യതയുള്ള കുറച്ചു വസ്തുതകളെ പറ്റിയും പറയുന്നു. മകരവിളക്ക്, വെളിച്ചപ്പാട്, നാല്പത്തിഒന്നു ദിവസത്തെ വൃതം, മൃഗ ബലികൾ, പതിനെട്ടു പടി ഇതൊക്കെ പഴയ ഒരു അനുഷ്ടാന രീതിയുടെ ബാക്കിപത്രങ്ങൾ ആണെന്നത് നിഷേധിക്കാനാകില്ല.
ഇവിടെ ചർച്ച ചെയ്തിരിക്കുന്ന മിക്ക കാര്യങ്ങളും കേരളത്തിന്റെ എഴുതപെട്ട ചരിത്ര ഗ്രന്ഥങ്ങളില്‍ നിന്ന് ഉള്ള പരാമർശങ്ങളെ ആധാരമാക്കിയാണ്. അതിനാൽ തന്നെ എഴുത്തുകാരന്റെ വാദങ്ങൾക്കു ശക്തമായ പിൻബലം ഉണ്ട്. ആര്യവത്ക്കരണത്തിൽ പെട്ടു ‘ വ്യക്തിത്വം’ നഷ്ടപ്പെട്ട ദൈവങ്ങളാണ് നമ്മുടെ നാട്ടിൽ മിക്കവാറും ഉള്ളത്. ബ്രാഹ്മണാധിപത്യത്തിന്റെ ഇരകളാണ് കുട്ടിച്ചാത്തനും കോട്രവൈയും (കരിനീലി) എന്ന് അടിവരയിടുന്നു ഇവിടെ. യുഗങ്ങള്‍ തോറും വിശ്വാസങ്ങൾക്ക് ഉണ്ടാകുന്ന പരിണാമം എങ്ങനെ ഒരു ജനതയുടെ സാമൂഹിക വ്യവസ്ഥിതിക്കുണ്ടാകുന്ന മാറ്റങ്ങളുടെ നേർഫലം ആണെന്നും നമ്മുക്ക് ഈ പുസ്തകത്തിലൂടെ മനസിലാ
കും.
കേരളത്തിനെ സംബന്ധിച്ചിടത്തോളം നമ്മുടെ ചരിത്രത്തിന്റെ നല്ലൊരു ഭാഗം വായ്മൊഴിയായി മാത്രം നിലനിന്നു വന്നതാണ്. പ്രാചീന കൃതികളിൽ (പ്രത്യേകിച്ചും തമിഴ്) നമ്മുടെ നാടിന്റെ പറ്റിയുള്ള പരാമർശങ്ങളും, രാജ ശാസനകളും, ക്ഷേത്ര വിളംബരങ്ങളും , വീര കൃതികളും മാത്രമേ നമ്മുടെ ചരിത്രത്തിന്റെ പുനര്നിര്മിതിക്കു നമ്മുടെ പക്കൽ ഉള്ളു. അതുകൊണ്ടു തന്നെ ഒന്നും നമ്മുക്ക് തീർത്തു പറയാനോ വിശ്വസിക്കാനോ കഴിയില്ല .ഈ പുസ്തകത്തിനു എന്തെങ്കിലും കുറവ് ഉണ്ടെന്നു എനിക്ക് തോന്നിയിട്ടുണ്ടെങ്കിൽ അതു ഇതായിരിക്കും.അതിപ്പോൾ ശ്രീധരമേനോൻറെ കേരളചരിത്രം ആയാലും ലോഗന്റെ മലബാർ മാന്വൽ ആയാലും ഇത് തന്നെ പ്രശ്നം.
No comments:
Post a Comment